National
ജയ്പൂർ: മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് പിതാവ് തടഞ്ഞതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ നടന്ന സംഭവത്തിൽ ഹനുമാൻ നഗർ സ്വദേശിയായ മായങ്ക് നഗർ (16) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മായങ്ക് വിഷം കഴിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഏക മകനായിരുന്നു മായങ്ക്. മകന്റെ വിയോഗവാർത്തയറിഞ്ഞ് ഹൃദ്രോഗിയായ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദാദാബാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ രോഹിത് ചൗധരിയുടെ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആസാദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ തപുകരയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
നിരവധി കൊലപാതക ശ്രമങ്ങൾ, കവർച്ച, മോഷണം, ആയുധ നിയമപ്രകാരം തുടങ്ങി 18 കേസിൽ ഇയാൾ പ്രതിയാണ്. ഇതിൽ അഞ്ചോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയാണെന്നും ഗുണ്ടാസംഘാംഗങ്ങൾക്ക് അനധികൃത തോക്കുകൾ എത്തിച്ചുനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് ആസാദെന്നും പോലീസ് പറഞ്ഞു.
ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതിക്കായി ഡൽഹി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ വളയുകയായിരുന്നു. പോലീസിനെ കണ്ടതോടെ സമീപത്തെ കെട്ടിടങ്ങളിലേക്ക് ചാടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായ നീക്കത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു.
2017 കവർച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാളും കുടുംബാംഗങ്ങളും ചേർന്ന് പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തകർത്ത് രക്ഷപ്പെടുകയുമായിരുന്നു.
National
ജയ്പുർ: രാജസ്ഥാനിൽ നീറ്റ് പരീക്ഷയ്ക്കു തയാറെടുത്തുകൊണ്ടിരുന്ന മറ്റൊരു വിദ്യാർഥികൂടി ജീവനൊടുക്കി.
സിക്കാർ സ്വദേശി 22 കാരനായ ഉമേഷ് മാലിയാണ് മരിച്ചത്. സിക്കാറിലെ ഒരു ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമേഷ് കഴിഞ്ഞിരുന്നത്.
മൂന്നാംതവണ നീറ്റ് എഴുതാനിരുന്ന മഹേഷ് 21 നു നടക്കുന്ന പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ 15ന് ജുൻജുന സ്വദേശിയായ മറ്റൊരു നീറ്റ് പരീക്ഷാർഥിയും ജീവനൊടുക്കിയിരുന്നു.
National
ബിക്കാനീർ: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽക്കാറ്റും മഴയും. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ മണൽക്കാറ്റ് നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.
വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പുർ, നാഗൗർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലുള്ള അതിശക്തമായ മണൽക്കാറ്റാണ് വീശിയടിച്ചത്. ജയ്പുരിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന മണൽക്കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തു.
പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. മരങ്ങൾ കടപുഴകി വീണതും വൈദ്യുത ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസപ്പെടാൻ കാരണമായി.
National
ന്യൂഡൽഹി: രാജസ്ഥാനിൽ ജനക്ഷേമപദ്ധതികളുടെ ആനുകൂല്യം അനർഹർ തട്ടിയെടുക്കുന്നതായി റിപ്പോർട്ട്. പിഎം-കിസാൻ പദ്ധതി ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളിൽ തട്ടിപ്പ് നടത്തി പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരല്ലാത്ത ആയിരത്തോളം അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടാകാമെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ പദ്ധതികളുടെ ഫണ്ടുകൾ അർഹരല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയത് ഒരു വൻ ശൃംഖലയാണെന്നും സർക്കാർ ഉദ്യോഗസ്ഥർക്കുപോലും ഇതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം പുറത്തുവന്നതിനുപിന്നാലെ "ഓപ്പറേഷൻ ഷട്ടർ-ഡൗണ്' എന്നപേരിൽ രാജസ്ഥാൻ പോലീസ് നടത്തിയ അന്വേഷണത്തിൽ 51 പേരെ അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വൻ ശൃംഖല തട്ടിപ്പിനു പിന്നിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അർഹരായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 6000 രൂപയെത്തിക്കുന്ന പദ്ധതിയായ പിഎം-കിസാൻ പദ്ധതിയിൽനിന്നും മറ്റു പദ്ധതികളിൽനിന്നുമുള്ള ഫണ്ട് അനർഹമായ അക്കൗണ്ടുകളിലേക്കു വകമാറ്റുന്നുണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വെളിപ്പെടുത്തലിൽനിന്നാണ് തട്ടിപ്പ് മറനീക്കിയത്. അനർഹരായവരുടെ ആധാർ കാർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് അനധികൃതമായി പണം കൈപ്പറ്റുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഫീൽഡ് ഏജന്റുമാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ടിട്ടുള്ള രാജസ്ഥാനിലെ തട്ടിപ്പ് ശൃംഖലയെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത് "സൈബർ സർക്കാർ' എന്നാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. പി-എം കിസാൻ പദ്ധതിയിൽ മാത്രമായി ഇതുപോലെ 14.81 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അനധികൃതമായി പണം കൈപ്പറ്റുന്ന ’സംശയകരമായ’ 11,000ത്തിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നതെന്നും പത്രറിപ്പോർട്ടിലുണ്ട്.
National
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.
നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സിഐഡി - ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.
National
ന്യൂഡൽഹി/ കണ്ണൂർ : എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. ജയ്പൂരിലെ നഹ്രി കാ ബാസിലെ സർക്കാർ സ്കൂളിലെ ജീവനക്കാരനായ മുകേഷ് ജാംഗിഡ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
മുകേഷിന്റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ജോലി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഡു ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
ജോലി സമ്മർദ്ദമുണ്ടെന്ന് കാണിച്ച് മുകേഷ് എഴുതി കത്തും പോലീസിനു ലഭിച്ചു. മുകേഷിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കോൽക്കത്തയിൽ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മർദത്തെ തുടർന്ന് ബിഎൽഒ കുഴഞ്ഞു വീണു. വേളാങ്കട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്തിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു.
അടിയന്തരമായി കൂടുതൽ ആളുകളെ ജോലിക്ക് നിയമിക്കണമെന്ന് ബിഎൽഒ യൂണിറ്റ് മഞ്ച് ആവശ്യപ്പെട്ടു. എസ്ഐആർമായി ബന്ധപ്പെട്ട് ബിഎൽഒമാരെ ബലിയാടാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ചൊവ്വാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.
ജോലി സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസറും കണ്ണൂർ സ്വദേശിയുമായ അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു. മദുസൂദനൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.